vafa 3

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് വഫയുടെ വാദം. ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. 100 സാക്ഷികളില്‍ ഒരാള്‍പോലും വഫയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ല.

വര്‍ഗീയത ആളിക്കത്തിക്കുന്ന ബിജെപി കപടദേശീയവാദവുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകത്തിലെ ബാഗേപള്ളിയില്‍ സിപിഎം റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം അടക്കമുള്ള സര്‍ക്കാരുകളെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായും മറ്റു മാര്‍ഗങ്ങളിലൂടേയും സമ്മര്‍ദത്തിലാക്കുകയാണ്. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ഇന്ന്. രാജ്ഭവനില്‍ രാവിലെ 11.45 നാണ്  വാര്‍ത്താസമ്മേളനം. ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അനര്‍ഹമായ പല ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.  മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്.

നടിയെ ആക്രമിച്ച കേസ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ കോടതിയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമാണ് നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്കു മാറ്റിയതിനെതിരെയാണ് ഹര്‍ജി. ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം.

കൊല്ലത്തെ അഭിഭാഷക സമരം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കാന്‍ നീക്കം. കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണു സമരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഡിഐജി ആര്‍ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് അടുത്ത ദിവസം സമര്‍പ്പിക്കും.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ ഗവര്‍ണര്‍ പല നേതാക്കളെയും മതമേധാവികളെയും സന്ദര്‍ശിച്ചിട്ടുണ്ട്. കൊളോണിയല്‍ ശൈലി ഗവര്‍ണര്‍ തുടരണമെന്ന് പറയുന്നതെന്തിന്? ഗവര്‍ണര്‍ക്കെതിരായ വധശ്രമത്തില്‍ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. മുരളീധരന്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *