ഒരു ശതമാനം സാധ്യതയെ 100 ശതമാനം വിജയത്തിലെത്തിച്ച വനിത
വനിതാദിനം സ്‌പെഷ്യല്‍
കവിതാ കണ്ണന്‍
1953 ല്‍ ബാംഗ്ലൂരിലാണ് കിരണ്‍ ജനിച്ചത്. ഒരു ഡോക്ടര്‍ ആകാനായിരുന്നു ആഗ്രഹം. പക്ഷേ സ്‌കോളര്‍ഷിപ്പ് ലഭിക്കാതെയായപ്പോള്‍ ആ പ്രതീക്ഷ അസ്തമിച്ചു. പിന്നീട് പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന ബ്രൂവറി മേഖലയിലേക്ക് ആ പെണ്‍കുട്ടി കടന്നുചെന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വ്വകാലാശാലയില്‍ നിന്നും 1975 ല്‍ ബ്രൂവറിയില്‍ ബിരുദാനന്തര ബിരുദം നേടി. എന്നാല്‍ ഇന്ത്യയില്‍ തിരികെയെത്തിയ കിരണിന് ജോലി നല്‍കാന്‍ ഒരു കമ്പനിയും തയ്യാറായില്ല. അവസാനം മനംമടുത്ത് അവര്‍ തൊഴിലന്വേഷിച്ച് അയര്‍ലണ്ടിലെത്തി. അവിടെവെച്ചാണ് ബയോകോണ്‍ ബയോ ലിമിറ്റഡ് സ്ഥാപകന്‍ ലസ്സിയുടെ പ്രോത്സാഹനത്തില്‍ ഇന്ത്യയില്‍ ബയോകോണിന് തുടക്കം കുറിച്ചത്. 1979 ല്‍ അവര്‍ ഇന്ത്യയില്‍ ബയോകോണ്‍ സ്ഥാപിച്ചു. ഒരു ചെറിയ ഗാരേജില്‍ 10,000 രൂപ നിക്ഷേപത്തിലായിരുന്നു തുടക്കം. അടിസ്ഥാന സൗകര്യങ്ങളെല്ലാം കുറവായിരുന്നുവെങ്കിലും ഇച്ഛാശക്തിയോടെ കിരണ്‍ മുന്നോട്ട് പോയി. പപ്പായയില്‍ നിന്നും എന്‍സൈം വേര്‍തിരിക്കുന്ന ബിസിനസ്സാണ് തുടക്കത്തില്‍ ചെയ്തിരുന്നത്. ഒരുവര്‍ഷത്തിനുളളില്‍ തന്നെ ഇതിനെ വിജയിത്തിലെത്തിക്കാന്‍ കിരണിന് സാധിച്ചു. ഇത്തരം നിരവധി എന്‍സൈമുകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായി ബയോകോണ്‍ മാറി. പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലേക്കും കമ്പനി ചുവടുവെച്ചു. നിലവില്‍ കിരണ്‍ മജുംദാറിന്റെ ആസ്തി 23,247 കോടി രൂയാണ്. ഒരു ബിസിനസ്സ് മാനേജ്മെന്റ് സ്‌കൂളിലും പഠിക്കാതെ ഒരു കമ്പനിയെ ആഗോള ബിസിനസ്സ്ആക്കി മാറ്റിയ വനിതയാണ് കിരണ്‍ മജുംദാര്‍. ശാസ്ത്രം, രസതന്ത്രം എന്നീ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് 2014 ല്‍ ആഗോള പുരസ്‌കാരമായ ഓത്ത്മെര്‍ ഗോള്‍ഡ് മെഡല്‍ അവര്‍ക്ക് ലഭിച്ചു. 1989 ല്‍ പദ്മശ്രീയും 2005ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കിരണിനെ ആദരിച്ചു. ഇച്ഛാശക്തിയൊന്ന് കൊണ്ട് മാത്രം വിജയത്തിനുളള ഒരു ശതമാനം സാധ്യതയെ 100 ശതമാനത്തിലെത്തിക്കാമെന്ന് ചിലര്‍ നമുക്ക് കാണിച്ചുതരുന്നു. നമുക്ക് ഈ ഇച്ഛാശക്തിയെ മുറുകെ പിടിക്കാം – ഏവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ വനിതാദിന ആശംസകള്‍…
കിരണ്‍ മജുംദാര്‍ – ഒരു ശതമാനം സാധ്യതയെ 100 ശതമാനം വിജയത്തിലെത്തിച്ച വനിത
