2024 മാര്‍ച്ച് 14 ലോക വൃക്കദിനം. എല്ലാവര്‍ഷവും മാര്‍ച്ചിലെ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ചയാണ് ലോകവൃക്കദിനം. ഈ വര്‍ഷത്തെ പ്രധാന വിഷയം വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും എന്നതാണ്. എല്ലാവര്‍ക്കും മികച്ചതും തുല്യവുമായ വൃക്ക പരിചരണം ഉറപ്പു വരുത്തുക. അതോടൊപ്പം എല്ലാ വൃക്കരോഗികള്‍ക്കും അനുയോജ്യവൈദ്യസഹായം നല്‍കുക. ലോകമെമ്പാടും വൃക്ക രോഗികള്‍ വര്‍ധിക്കുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തില്‍ ഒരാള്‍ക്ക് ഏതെങ്കിലും വൃക്കരോഗം ഉണ്ട്. ഇതില്‍ മൂത്രത്തിലെ അണുബാധ മുതല്‍ അത്യന്തം മാരകമായ വൃക്കസ്തംഭനം വരെ ഉള്‍പ്പെടുന്നു. ഏറ്റവും പ്രധാനം സ്ഥായിയായ വൃക്കരോഗം (വിട്ടുമാറാത്ത വൃക്കരോഗം) ആണ്. ഇത് ഏതു പ്രായത്തിലും വരാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പാരമ്പര്യമായി വൃക്ക രോഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍, മുതിര്‍ന്നവര്‍, വൃക്കയില്‍ കല്ലിന്റെ അസുഖമുള്ളവര്‍ എന്നിവരില്‍ വൃക്കരോഗസാധ്യത വളരെക്കൂടുതലാണ്. ലക്ഷണങ്ങള്‍ അറിയാം – കണ്ണിന്റെ തടത്തിലും കാലിലും നീര്, മൂത്രം അളവ് കുറവോ കൂടുതലോ അല്ലെങ്കില്‍ രാത്രിയില്‍ കൂടുതല്‍ പ്രാവശ്യം മൂത്രം ഒഴിക്കുക, ചുവപ്പു കളറോ കട്ടന്‍കാപ്പി കളറോ ഉള്ള മൂത്രം, മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍, പുകച്ചില്‍, മൂത്രമൊഴിക്കാന്‍ താമസം, വിളര്‍ച്ച, ക്ഷീണം, തലകറക്കം, ഓക്കാനം, ഛര്‍ദി, ശ്വാസംമുട്ടല്‍, പേശി വലിച്ചില്‍ ഈ ലക്ഷണങ്ങള്‍ വൃക്കരോഗത്തിന്റേതാകാം. രോഗസാധ്യത കൂടാതിരിക്കാന്‍ സമയാസമയം രക്തം, മൂത്രം എന്നിവ പരിശോധിക്കുക. പ്രമേഹവും രക്തസമ്മര്‍ദവും കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തുക. പുകവലി ശീലം ഉപേക്ഷിക്കുക. വേദനസംഹാരികളുടെ അമിത ഉപയോഗം ഒഴിവാക്കുക. പൊണ്ണത്തടി ഒഴിവാക്കുക, ജീവിതശൈലിയില്‍ മാറ്റം വരുത്തുക. (വ്യായാമം, ആഹാരരീതി എന്നിവ ഭക്ഷണത്തില്‍ ഉപ്പും പ്രോട്ടീനും കുറയ്ക്കുക). വൃക്കയിലും മൂത്രാശയത്തിലും കല്ലുകള്‍ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ നടത്തുക.