കിയ ഉടന്‍ വിപണിയിലെത്തിക്കുന്ന നാലു മീറ്ററിനുള്ളില്‍ വലിപ്പമുള്ള കോംപാക്ട് എസ്യുവി ക്ലാവിസ് എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എവൈ എന്ന കോഡു നാമത്തില്‍ വികസിപ്പിച്ച എസ്‌യുവിയാണ് ക്ലാവിസ് എന്ന പേരില്‍ അറിയപ്പെടുക. സോണറ്റിനും സെല്‍റ്റോസിനും ഇടയിലായിരിക്കും ക്ലാവിസിനെ കിയ അവതരിപ്പിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന കിയ ക്ലാവിസ് 2025 തുടക്കത്തിലായിരിക്കും ഇന്ത്യന്‍ റോഡുകളിലിറങ്ങുക. സമ്പന്നമായ പവര്‍ട്രെയിന്‍ ഓപ്ഷന്‍സ് കിയ ക്ലാവിസിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പരമ്പരാഗത ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവക്കൊപ്പം കംപല്‍ഷന്‍ എന്‍ജിനുകള്‍ക്കൊപ്പം ചേര്‍ന്നുള്ള ഹൈബ്രിഡ് മോഡലുകളും കിയ ക്ലാവിസില്‍ പ്രതീക്ഷിക്കാം. ഐ സി ഇ മോഡലുകളും ഇ വികളും ഒരേ പ്ലാറ്റ്ഫോമിലായിരിക്കും നിര്‍മിക്കുക. അടുത്തിടെ രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ ടെല്യൂറൈഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനായിരിക്കും ക്ലാവിസിന്. പ്രതിവര്‍ഷം ഒരു ലക്ഷം കിയ ക്ലാവിസിനെ വരെ നിര്‍മിക്കാനുള്ള ശേഷി കിയക്കുണ്ട്. ഇതില്‍ 80 ശതമാനവും ഐ സി ഇ എന്‍ജിനുകളാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ക്ലാവിസ് വിദേശ വിപണികളിലേക്ക് കയറ്റി അയക്കുകയും ചെയ്യും.