സിറോസിനെ പ്രദര്‍ശിപ്പിച്ച് കിയ. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ സോണറ്റിന് താഴെയുള്ള എസ്‌യുവിയില്‍ ഏറെ ഫീച്ചറുകളുമായിട്ട് എത്തുന്ന സിറോസിന്റെ വില അടുത്ത മാസം നടക്കുന്ന ഗ്ലോബല്‍ മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭിക്കും. ഇലക്ട്രിക് മോഡലും പിന്നീട് വിപണിയിലെത്തുമെന്നാണ് കിയ അറിയിക്കുന്നത്. ജനുവരി 3 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. കിയയുടെ ഇലക്ട്രിക് എസ്‌യുവി ഇവി9, ഇവി3 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ ഡിസൈന്‍. റിഇന്‍ഫോഴ്‌സിഡ് കെ1 പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ട് വാഹനത്തിന്. 120 എച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമുണ്ട് പെട്രോള്‍ എന്‍ജിന്‍. 115 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട് ഡീസല്‍ എന്‍ജിന്. പെട്രോള്‍ എന്‍ജിന് ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകള്‍. ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നല്‍കിയിരിക്കുന്നു.