പുതിയ സോണറ്റിന്റെ വില്‍പനയില്‍ 79 ശതമാനവും സണ്‍ റൂഫുള്ള മോഡലുകളാണെന്ന് കിയ. സോണറ്റ് എസ് യു വിയുടെ ആകെയുള്ള 22 മോഡലുകളിലും 18ലും സിംഗിള്‍ പെയ്ന്‍ ഇലക്ട്രിക് സണ്‍റൂഫ് ഫീച്ചറായുണ്ട്. ജനുവരിയില്‍ പുറത്തിറങ്ങിയ കിയ സോണറ്റിന്റെ ഫേസ്ലിഫ്റ്റ് പതിപ്പ് അതിവേഗത്തിലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചത്. 11 മാസംകൊണ്ട് ഒരു ലക്ഷം പുതിയ കിയ സോണറ്റുകള്‍ ഇന്ത്യയില്‍ വിറ്റു. ഇതില്‍ 79 ശതമാനവും സണ്‍റൂഫുള്ള മോഡലുകളായിരുന്നു. എന്‍ട്രി ലെവല്‍ എച്ച്ടിഇ, എച്ച്ടികെ മോഡലുകള്‍ ഒഴികെ പെട്രോള്‍- ഡീസല്‍ ഇന്ധനങ്ങളിലായി 18 മോഡലുകളില്‍ സോണറ്റിന് സണ്‍റൂഫുണ്ട്. കിയ സോണറ്റിന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 7.99 ലക്ഷം രൂപ മുതലാണ്. അതേസമയം സണ്‍റൂഫുള്ള മോഡലുകളുടെ വില 8.31 ലക്ഷം രൂപ മുതല്‍ 14.91 ലക്ഷം രൂപ വരെയാണ്. കിയയുടെ ഈ കോംപാക്ട് എസ് യു വി 2024ലെ 10 ബെസ്റ്റ് സെല്ലിങ് യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.