ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിനോടുള്ള ആദരസൂചകമായി കവര്‍ ഗാനം പുറത്തിറക്കി എ.ആര്‍.റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാന്‍. ‘ഗൈഡ്’ എന്ന ചിത്രത്തില്‍ ലത ആലപിച്ച ‘പിയാ തോ സേ’ എന്നു സൂപ്പര്‍ഹിറ്റ് ഗാനമാണ് ഖദീജയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്കരികിലെത്തിയത്.23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരെ മാത്രം ഉള്‍പ്പെടുത്തി റഹ്മാന്‍ രൂപം നല്‍കിയ ഫിര്‍ദോസ് ഓര്‍ക്കസ്ട്രയാണ് ഗാനരംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓര്‍ക്കസ്ട്രയുടെ പ്രകടനത്തിനൊപ്പം മനം നിറഞ്ഞ് ഖദീജ റഹ്മാന്‍ പാടുന്നു. ലതാ മങ്കേഷ്‌കറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഖദീജ പാട്ട് റിലീസ് ചെയ്തത്. എസ്.ഡി. ബര്‍മന്‍ ഈണമൊരുക്കിയ ഗാനമാണ് ‘പിയാ തോസേ’. ശൈലേന്ദ്ര വരികള്‍ കുറിച്ചു. പാട്ട് പുറത്തിറങ്ങി അര നൂറ്റാണ്ടിനോടടുക്കുമ്പോഴും ലതാജീയുടെ ഈ നാദവിസ്മയം ആസ്വദിക്കാന്‍ നിരവധിപേരാണുള്ളത്. ഖദീജയുടെ പാട്ടും പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. 2020ല്‍ ‘ഫരിശ്‌തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്മാന്‍ സംഗീതമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. എ.ആര്‍.റഹ്മാന്‍ തന്നെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആല്‍ബമായിരുന്നു അത്. പാട്ടിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജ നേടി. ‘മിന്‍മിനി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിലും ഹരിശ്രീ കുറിച്ചിരിക്കുകയാണ് ഖദീജ ഇപ്പോള്‍.