കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് 36 കോടി രൂപ ലാഭവിഹിതം നല്‍കും. കെ.എഫ്.സിയുടെ 71-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപയാണ് ലാഭവിഹിതം. കെ.എഫ്.സിയുടെ 99% ഓഹരികള്‍ സംസ്ഥാന സര്‍ക്കാരും ബാക്കിയുള്ളത് സിഡ്ബി, എസ്.ബി.ഐ, എല്‍.ഐ.സി എന്നിവര്‍ക്കുമാണ്. കെ.എഫ്.സിയുടെ അറ്റാദായത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി, 74.04 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ 50.19 കോടി രൂപയില്‍ നിന്ന് 47.54 ശതമാനമാണ് വര്‍ധന. വായ്പാ ആസ്തി ആദ്യമായി 7,000 കോടി രൂപ കവിഞ്ഞ് 7,368 കോടിയിലെത്തി. സ്ഥാപനത്തിന്റെ മൊത്തം ആസ്തി നടപ്പുവര്‍ഷത്തില്‍ 1064 കോടി രൂപയിലെത്തി. മൊത്തവരുമാനം കഴിഞ്ഞ വര്‍ഷത്തെ 694.37 കോടിയില്‍ നിന്ന് 868.71 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി ഫലപ്രദമായി കുറയ്ക്കാനും ഈ കാലയളവില്‍ കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 3.11 ശതമാനത്തില്‍ നിന്നും 2.88 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 0.74 ശതമാനത്തില്‍ നിന്നും 0.68 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം, എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് മേഖലകള്‍ക്കുമായി കെ.എഫ്.സി 3,336.66 കോടി രൂപ വായ്പ അനുവദിച്ചു. മൊത്തം വായ്പ വിതരണം 4,068.85 കോടി രൂപയാണ്. കെ.എഫ്.സി യുടെ ‘സ്റ്റാര്‍ട്ടപ്പ് കേരള’ സ്‌കീം വഴി 68 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നല്‍കി.