കയറ്റുമതിക്ക് ഏറ്റവും മികച്ച അടിസ്ഥാനസൗകര്യവും പ്രോത്സാഹനവും നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് കനത്ത റാങ്കിംഗ് തകര്‍ച്ച. നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒട്ടുമിക്ക സൂചകങ്ങളിലും കേരളത്തിന്റെ സ്‌കോറും റാങ്കും കുറഞ്ഞു. ദേശീയതലത്തില്‍ 2020ല്‍ 54.11 പോയിന്റുമായി പത്താം സ്ഥാനത്തായിരുന്നു കേരളം. 2022ല്‍ സ്‌കോര്‍ 44.03ലേക്കും റാങ്ക് 19ലേക്കും ഇടിഞ്ഞു. 80.89 സ്‌കോറുമായി തമിഴ്നാടാണ് ഒന്നാമത്. മഹാരാഷ്ട്ര (78.20), കര്‍ണാടക (76.36), ഗുജറാത്ത് (73.22), ഹരിയാന (63.65) എന്നിവയാണ് ഏറ്റവും മുന്നില്‍ യഥാക്രമമുള്ള മറ്റ് 4 സംസ്ഥാനങ്ങള്‍. 11.30 സ്‌കോറുമായി ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. തീരദേശ സംസ്ഥാനങ്ങളില്‍ ഇക്കുറി കേരളത്തിന്റെ സ്ഥാനം ഏറ്റവും പിന്നില്‍. 8 സംസ്ഥാനങ്ങളാണ് തീരദേശ ശ്രേണിയിലുള്ളത്. എട്ടാമതാണ് കേരളം. 2020ല്‍ 6-ാം സ്ഥാനമായിരുന്നു. കയറ്റുമതി നയത്തില്‍ 2020ല്‍ 74.77 സ്‌കോറുമായി പത്താമതായിരുന്നു കേരളം. ഇക്കുറി സ്‌കോര്‍ 83.75 ആയി ഉയര്‍ന്നെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തിയതിനാല്‍ റാങ്ക് 20ലേക്ക് ഇടിഞ്ഞു. മികച്ച പ്രവര്‍ത്തനാന്തരീക്ഷം അടിസ്ഥാനമായുള്ള പട്ടികയില്‍ 31.99 സ്‌കോറുമായി ഇത്തവണ കേരളം 25-ാമതാണ്. മികച്ച കയറ്റുമതി അന്തരീക്ഷം ഒരുക്കുന്നതില്‍ 26.99 സ്‌കോറുമായി 18-ാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറിയുള്ളത് 40.09 സ്‌കോറുമായി 21-ാം സ്ഥാനത്ത്. കയറ്റുമതി പ്രകടനത്തില്‍ 56.30 സ്‌കോറുമായി 2020ല്‍ കേരളം നാലാമതായിരുന്നു. ഇത്തവണ റാങ്ക് 22ലേക്ക് ഇടിഞ്ഞു. സ്‌കോര്‍ വെറും 25.66. മൊത്തം 400 കോടി ഡോളറിന്റെ (32,800 കോടി രൂപ) കയറ്റുമതിയാണ് 2021-22ല്‍ കേരളം നടത്തിയത്. 23.36 ശതമാനം വിഹിതവുമായി എറണാകുളമാണ് ഏറ്റവുമധികം പങ്കുവഹിച്ച ജില്ല.