സൗജന്യങ്ങള്‍ നല്‍കി വോട്ട് പിടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ തിരിച്ചടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ 75ഓളം വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യം വിദ്യാഭ്യാസവും സൗജന്യമായി മരുന്നുകളും നല്‍കുന്നുണ്ട്. പാവങ്ങള്‍ക്ക് മേല്‍ അധിക നികുതി നികുതി ചുമത്തുകയും പണക്കാരില്‍ അവരുടെ ‘സുഹൃത്തുക്കളുടെ’ വായ്പകള്‍ എഴുതിത്തള്ളുന്നുമുണ്ട്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട തുക വരെ കുറച്ചു. എവിടേക്കാണ് ഈ പണമെല്ലാം പോകുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു.
ചൈനീസ് ചാരക്കപ്പലിന് ഹമ്പന്‍തോട്ട തുറമുഖത്ത് അടുക്കാന്‍ അനുമതി കിട്ടിയില്ല. ഹമ്പന്‍തോട്ട തുറമുഖത്തിന്റെ അധികൃതര്‍ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്ക കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക് എത്തുന്നതിനെതിരായ ഇന്ത്യയുടെ എതിര്‍പ്പിനെ ‘ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി. പറ്റുമെങ്കില്‍ ഒരൊറ്റ സിറ്റിംഗില്‍ തന്നെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ മില്‍മയുടെ പാല്‍ സംഭരണത്തില്‍ ഗണ്യമായി കുറവ്. മലബാര്‍ മേഖലയില്‍ മാത്രം പ്രതിദിന സംഭരണത്തില്‍ 50,000 ലിറ്റര്‍ കുറവ് അനുഭവപ്പെടുന്നതായി മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി വ്യക്തമാക്കി. അതേസമയം ഓണത്തോടനുബന്ധിച്ച് പാല്‍ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടികള്‍ തുടങ്ങിയതായും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ എത്തിക്കാന്‍ നീക്കം തുടങ്ങിയതായും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ചത് ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച മൂലം. കോര്‍ഡിനേഷനില്‍ വീഴ്ച വന്നുവെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം എന്തെല്ലാം നടപടികള്‍ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.