കേക്ക് മുറിച്ച് വിവാദത്തിലായിരിക്കുകയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്. മുറിച്ച കേക്കിനു മുകളിൽ ഒരു ഹനുമാൻ രൂപവും ഉണ്ടായിരുന്നു. മതചിഹ്നങ്ങളുള്ള കേക്ക് മുറിച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കമൽനാഥ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു.
വ്യാജ ഭക്തരാണ് കമൽനാഥും അദ്ദേഹത്തിൻറെ പാർട്ടിയും. ഒരിക്കൽ രാമ ക്ഷേത്രത്തെ എതിർത്ത അവർ തെരഞ്ഞെടുപ്പടുത്തപ്പോൾ ഭക്തരായിരിക്കുകയാണ്.ഹനുമാന്റെ ചിത്രം പതിച്ച ജന്മദിന കേക്ക് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ, അതേ കേക്ക് മുറിക്കുന്നതും സനാതന ധർമ്മത്തെയും അതിന്റെ അനുയായികളെയും അപമാനിക്കുന്നതിന് തുല്യമാണ്,” ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് കമൽനാഥിന്റെ 76ാം ജന്മദിനം. എന്നാൽ അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി പ്രവർത്തകരും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ചിന്ദ്വാര ജില്ലയിലെ വീട്ടിൽ ജന്മദിനം മുൻകൂട്ടി ആഘോഷിച്ചു. ഈ ചടങ്ങിലാണ് ക്ഷേത്രാകൃതിയിലുള്ള കേക്ക് മുറിച്ചത്.