2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന് മികച്ച വളര്‍ച്ച. മുന്‍ പാദങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും വില്‍പ്പനയിലും വലിയ മുന്നേറ്റമുണ്ടായി. ഇന്ത്യ, ഗള്‍ഫ് വിപണികളിലെ സംയോജിത വരുമാന വളര്‍ച്ച 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധിച്ചു. 2022 ജൂണ്‍ പാദത്തില്‍ 3,333 കോടി രൂപയായിരുന്നു വിറ്റുവരവ്. ദക്ഷിണേന്ത്യക്ക് പുറത്തുള്ള വിപണികളിലാണ് കൂടുതല്‍ വളര്‍ച്ച. ഷോറൂം അടിസ്ഥാനത്തിലുള്ള മൊത്ത ലാഭ മാര്‍ജിനും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ദക്ഷിണേന്ത്യക്ക് പുറത്ത് 12 ഷോറൂമകളാണ് കമ്പനി തുറന്നത്. ദീപാവലിക്ക് മുന്‍പ് 20 പുതിയ ഷോറൂമുകള്‍ കൂടി ഈ മേഖലകളില്‍ തുറക്കും. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 52 പുതിയ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജുവലേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ആദ്യ പാദത്തില്‍ 21 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന്റെ സംയോജിത വരുമാനത്തിന്റെ 16 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡിയറിന്റെ വരുമാനത്തില്‍ മുന്‍ സാമ്പത്തികവര്‍ഷത്തെ സമാനപാദവുമായി നോക്കുമ്പോള്‍ 22 ശതമാനം കുറവുണ്ടായിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ 20 കാന്‍ഡിയര്‍ ഷോറൂമുകള്‍ കൂടി തുറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കല്യാണ്‍ ജുവലേഴ്സിന് 2023 ജൂണ്‍ 30 വരെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 194 ഷോറൂമുകളുണ്ട്.