കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചരണത്തിൻ്റെ മണിക്കൂറുകളാണ്. 2.71 കോടി വോട്ടർമാർ മറ്റന്നാൾ കേരളത്തിൻ്റെ അടുത്ത അഞ്ച് വർഷത്തെ ഭരണം ആര് വേണമെന്ന് തീരുമാനിക്കും.മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം നിറഞ്ഞിരുന്നു . നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി. നാടും നഗരവും ഒന്നാകെ ആവേശം അലയടിച്ചുയർന്നപ്പോൾ കൊട്ടിക്കലാശം ആകർഷകമായി. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളിക്കൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികൾ മാറ്റി.
