Untitled design 20250324 181010 0000

 

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്…..!!!!

ഈ ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു.കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു.തെയ്യം, പൂരക്കളി, മറുത്ത് കളി, കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് .

 

ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട്.സ്കൂളുകളിൽ കുട്ടികളെ കളരി പഠിപ്പിക്കാൻ സർക്കാർ തയ്യാറാവണം എന്ന നീണ്ട കാലത്തെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.

ഇന്ന് കേരളാ സർക്കാർ പൊന്ന്യത്തങ്കം എന്നപേരിൽ വർഷാവർഷം അങ്കം സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള എല്ലാ കളരികളിൽ നിന്നും ഉള്ള കളരിക്കാർ തലശ്ശേരിക്ക് അടുത്തുള്ള ഈ ചരിത്രപരമായ അങ്കത്തട്ടിലേക്ക് വന്ന് പയറ്റി തെളിയിക്കുന്നു. കളരിപ്പയറ്റ് ധനുർവേദ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും കളരി പരിശീലനത്തിന്റെ ഭാഗമായ ഉഴിച്ചിലും കളരി ചികിത്സയും ആയുർ‌വേദ പാരമ്പര്യമാണ്‌ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.

ചെറുകളരി അഥവാ കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടുതരമാണ്‌ ആദ്യകാലത്തുണ്ടായിരുന്നത്‌. ആദ്യത്തേത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ്‌. അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി. എല്ലാവർക്കും സൗകര്യപ്രദമായ നിലയിൽ പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കക്കളരിയിൽ വച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത് .

 

തർക്കത്തിൽ ഉൾപ്പെടുന്ന കക്ഷികൾ അവരവർക്കായി അങ്കംവെട്ടാനുള്ള പോരാളികളെ ഏർപ്പാടു ചെയ്യുന്നു . ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകേണ്ടിയിരുന്നു. തുടർന്ന് നിശ്ചിത സ്ഥലത്ത് മുൻകൂട്ടി തീരുമാനിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു. അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷിയാണ് ജയിച്ചതായി പ്രഖ്യാപിക്കുക.

 

മൂന്ന് ഞാൺ നീളമുള്ള വടി (കുറുവടി), ആറ് അടി നീളമുള്ളതും, എട്ട് അടി നീളമുള്ളതുമായ വടികൾ, കുന്തം, കത്തി, ചുരിക, വാൾ, പരിച, ഉറുമി, ഗദ തുടങ്ങി പലതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനമുറകൾ ഉണ്ടെങ്കിലും ഒരു തികഞ്ഞ അഭ്യാസിക്ക് കയ്യിൽ കിട്ടുന്നതെന്തും ആയുധമാക്കാൻ കഴിയും. കത്തിയും, ഉറുമിയും ഉൾപ്പെടെ ഏതു ആയുധവും വെറും കയ്യോടെ ശത്രുവിന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങാനും തിരിച്ചു ഉപയോഗിക്കാനും കളരിപ്പയറ്റിൽ പരിശീലിപ്പിക്കുന്നു.

 

നമ്മുടെ കളരി പഠനത്തിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ ഉള്ളിൽ സൂക്ഷമതലത്തിൽ  ഒരു ആധ്യാത്മിക തലം പ്രായേണ ഉണ്ടാവുന്നു . അതിനുള്ള ഒരു പശ്ചാത്തലം കളരിയുടെ പഠനത്തിന്റെ ആരംഭം മുതൽ അതിൽ അന്തര്ലീനമായി കിടക്കുന്നു.ഒരു അഭ്യാസി കളരി വിദ്യ സ്വയരക്ഷാർത്ഥം മാത്രമേ ഉപയോഗിക്കു എന്ന മനോനില സ്വയമേവ ഉണ്ടായി വരുമ്പോൾ തന്നെ തന്റെ ജീവന് ഭീഷണി വരുമ്പോൾ ശത്രുവിനെ അതി മാരകമായിത്തന്നെ നേരിടാൻ കളരിപ്പയറ്റ് ഓർമിപ്പിക്കുന്നു.സമ്പൂർണ്ണ മായ ഇതുപോലുള്ള ഒരു ആയോധന കല വേറെ കാണാത്തതുവരെ കളരിപ്പയറ്റ് ലോകത്തിന്റെ ആയോധന കലകളുടെ മാതാവായി എന്നും നിലനിൽക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *