ഗൗതം മേനോനും ധ്രുവനച്ചത്തിരം സിനിമയെ കൈവിട്ട മട്ടാണ്. ഇപ്പോഴിതാ രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തിയായ ‘ജോഷ്വാ ഇമൈ പോല്‍ കാക്ക’ എന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഗൗതം മേനോന്. വരുണ്‍ കൃഷ്ണ നായകനായ ചിത്രം ഗൗതം മേനോന് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ എത്തി. 2020ല്‍ റിലീസിനു പദ്ധതിയിട്ടിരുന്ന ചിത്രമാണിത്. എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ മൂലം പ്രൊഡക്ഷന്‍ നീണ്ടു. ഇപ്പോള്‍, മാര്‍ച്ച് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഗൗതം മേനോന് പ്രഖ്യാപിച്ചിരിക്കുന്നത്. റാഹെയാണ് നായിക. കൃഷ്ണ, യോഗി ബാബു, മന്‍സൂര്‍ അലിഖാന്, വിചിത്ര, ദിവ്യദര്‍ശിനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അരുണ്‍ വിജയ്യെ നായകനാക്കി 2017ല്‍ ഗൗതം മേനോന് പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളാല്‍ സിനിമ പിന്നീട് ഉപേക്ഷിച്ചു. പുതിയ നിര്‍മാതാവ് ആയ ഇഷാരി കെ. ഗണേഷ് ചിത്രം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുവായ വരുണ്‍ ചിത്രത്തില്‍ നായകനായി എത്തുകയായിരുന്നു. അതേസമയം എട്ടുവര്‍ഷം പിന്നിട്ടിട്ടും വിക്രം നായകനായ ഗൗതം മേനോന് ചിത്രം ധ്രുവനച്ചത്തിരം ഇപ്പോഴും പെട്ടിയില്‍ തന്നെയാണ്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ സിനിമയുടെ റിലീസ് എല്ലാം തീരുമാനിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അതും മാറ്റിവച്ചു.