സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് തുടങ്ങിയ ഡെലിവറി പ്ലാറ്റ്ഫോമുകളുടെ കൂട്ടത്തിലേക്ക് റിലയന്‍സും. റിലയന്‍സ് റീട്ടെയില്‍ കൂടി ഈ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നവി മുംബൈയിലും ബംഗളൂരുവിലും കമ്പനിയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണ്. 10-15 മിനിറ്റ്, 30 മിനിറ്റ് സമയ പരിധിക്കുളളില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവര്‍ ചെയ്യുന്നതിനുളള ശ്രമങ്ങളാണ് ജിയോ മാര്‍ട്ട് നടത്തുന്നത്. ഏത് ചെറിയ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താലും ഡെലിവറി ഫീസ്, പ്ലാറ്റ്‌ഫോം ഫീസ്, സര്‍ജ് ഫീസ് എന്നിവ ഒഴിവാക്കി ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 10,000-12,000 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുടെ വിശാലമായ ശൃംഖലയാണ് റിലയന്‍സിനുളളത്. ഇതുവഴി 5,000 പിന്‍കോഡുകളിലായി പരന്നു കിടക്കുന്ന 1,150 ഓളം ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വ്യാപിക്കാനാണ് ഉദ്ദേശമുളളത്.