ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ആരംഭിക്കും. ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത പ്ലാറ്റ്ഫോമുകളും സിബിഡിസിയും ഉള്‍പ്പെടുത്തി ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് സമഗ്രമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കും. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയ്യാറാക്കും. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെ.എഫ്.എസും ബ്ലാക്ക്റോക്കുമായുള്ള സംയുക്ത സംരംഭവും മുകേഷ് അംബാനി പ്രഖ്യാപിച്ചു. സെപ്തംബര്‍ 19ന് ജിയോ എയര്‍ ഫൈബര്‍ അവതരപ്പിക്കും. ഇതിനകം ജിയോ ഫൈബറിന് ഒരു കോടിയിലേറെ വരിക്കാരായി. ജിയോ സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ ജിയോ ഹോം ആപ്പിലൂടെ വീടുകളിലെ വൈഫൈ സംവിധാനം നിയന്ത്രിക്കാനും ജിയോ സെറ്റ് ടോപ് ബോക്സിന്റെ റിമോട്ട് കണ്‍ട്രോളറായും ഉപയോഗിക്കാന്‍ സാധിക്കും. ജിയോ പ്ലാറ്റ്‌ഫോം ഇന്ത്യയ്ക്കായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ അവതരിപ്പിക്കും. എഐ സേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സിന്റെ കയറ്റുമതി 33.4 ശതമാനം ഉയര്‍ന്ന് 3.4 ലക്ഷം കോടി രൂപയായി. മൊത്തം ജീവനക്കാരുടെ എണ്ണം 3.9 ലക്ഷമായി ഉയര്‍ന്നു.