ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. സ്കൂളിൽ മുമ്പ് ഉണ്ടായ ചില ആഭ്യന്തര കാര്യങ്ങളിൽ പ്രിൻസിപ്പാൾ പ്രതികാരം ചെയ്യുന്നതാണെന്നാണ് ആക്ഷേപം. സ്കൂളിൽ സിസിടിവി ക്യാമറ വെയ്ക്കുന്നതിലെ തർക്കമായിരുന്നു അതിൽ പ്രധാനം. അധ്യാപകരുടെ സ്വകാര്യത മാനിക്കാതെ ക്യാമറ വച്ചതിനെതിരെ നടപടി നേരിട്ടവർ മുമ്പ് വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസിൽ അധ്യാപകർക്ക് അനുകൂലമായി വനിത കമ്മീഷൻ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. നടപടി നേരിട്ട അധ്യാപകർ പഠിപ്പിക്കുന്ന വിഷയങ്ങളിൽ കുട്ടികൾക്ക് മാർക്ക് കുറവാണെന്ന ആർഡിഡി റിപ്പോർട്ടും അധ്യാപകർ തള്ളുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അധ്യാപകർ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.