മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇന്‍വിക്‌റ്റോയുടെ വില പ്രഖ്യാപിച്ചു. 24.79 ലക്ഷം രൂപ മുതലാണ് വില. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദമായി സീറ്റ പ്ലസ് ഏഴു സീറ്റിറിന് 24.79 ലക്ഷം രൂപയും സീറ്റ പ്ലസ് 8 സീറ്ററിന് 24.84 ലക്ഷം രൂപയും ആല്‍ഫ പ്ലസ് ഏഴു സീറ്റിന് 28.42 ലക്ഷം രൂപയുമാണ് വില. ഇന്‍വിക്‌റ്റോയ്ക്ക് ലീറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിര്‍മിച്ചതെങ്കിലും ചെറിയ മാറ്റങ്ങളുണ്ട്. നെക്‌സയുടെ മറ്റു വാഹനങ്ങളില്‍ കാണുന്ന മൂന്ന് ഡോട്ട് ബ്ലോക് ഡിആര്‍എല്ലുള്ള ഹെഡ്ലാംപാണ് ഇന്‍വിക്‌റ്റോയില്‍. വശങ്ങളിലെ പ്രധാന മാറ്റം 17 അലോയ് വീലുകളുടെ ഡിസൈനാണ്. പിന്‍വശത്തും നെക്‌സ മൂന്ന് ബ്ലോക് പാറ്റേണ്‍ ഡിസൈനിലുള്ള ടെയില്‍ ലാംപാണ്. ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എന്‍ജിന്‍ മാത്രമാണ് ഇന്‍വിക്‌റ്റോയിലുണ്ടാകുക. 184 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും ഇ സിവിടി ഗിയര്‍ബോക്‌സുമാണ് വാഹനത്തിന്. ലീറ്ററിന് 23.24 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹൈബ്രിഡില്‍ നിന്നു ലഭിക്കുമെന്നാണു മാരുതിയുടെ അവകാശവാദം. വേഗം നൂറുകടക്കാന്‍ 9.5 സെക്കന്‍ഡ് മാത്രം മതി. ടൊയോട്ടയുടെ ടിഎന്‍ജിഎസി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം.