എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ഉയിര്‍’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. റോഷന്‍ മാത്യു പ്രധാന വേഷത്തില്‍ എത്തുന്നു. കണ്ണൂര്‍ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ടീസറില്‍ ദുരൂഹമായ ഒരു മരണവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. നിഖില്‍ കെ മേനോനും ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നടന്‍ ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാള നടീനടന്മാര്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
