ukkadam web

ഉക്കടത്ത് കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി. ശ്രീലങ്കന്‍ സ്‌ഫോടനക്കേസില്‍ 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കിയ മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം എത്തിയത്. ചാവേര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട  ജമേഷ മുബിന്‍ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നോയെന്ന് അന്വേഷിക്കാനാണ് വിയ്യൂരില്‍ എത്തിയത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലെ സ്‌ഫോടന മാതൃകയില്‍ സ്‌ഫോടനമുണ്ടാക്കാനാണ് പദ്ധതിയിട്ടതെന്നാണു പോലീസിനു ലഭിച്ച വിവരം

ഇന്ത്യന്‍ വംശജനും നാല്‍പത്തി രണ്ടുകാരനുമായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. 190 വര്‍ഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന്റെ ഭരണം. ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂര്‍വികരുടെ പിന്മുറക്കാരനാണ് ഋഷി സുനക്. പേരിലും പെരുമാറ്റത്തിലും ഇന്ത്യന്‍ തനിമ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം. ഉഷയുടേയും യശ് വീര്‍ സുനകിന്റെയും മൂത്ത മകനായി 1980 ല്‍ ജനനം. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു.

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരായി. ഏഴ് ദിവസത്തിനകം ഹാജരാകണമെന്നായിരുന്നു ഹൈക്കോതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നിര്‍ദ്ദേശിച്ചത്. സിവിക് ചന്ദ്രന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്ത പോലീസ് ഹൈക്കോടതി ഉത്തരവനുസരിച്ച് ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

നൂറാം പിറന്നാള്‍ ആഘോഷിച്ച സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് വീട്ടിലെത്തി സമ്മാനങ്ങളും ആശംസകളും കൈമാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ പത്തോടെയാണ് വിഎസിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്മദിനത്തിന് വിഎസിനെ നേരില്‍കണ്ട് ആശംസ അറിയിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് വീട്ടിലെത്തിയതെന്ന് രാജ്ഭവന്‍  അറിയിച്ചു.

സ്വപ്നയെന്നല്ല ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വപ്നയെ ഒറ്റയ്ക്ക് വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്നും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമവശങ്ങളും പരിശോധിക്കും. ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗവര്‍ണര്‍ രാജാവ് ആണോയെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു.

കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ വിസിയ്ക്കു സ്വീകരണം നല്‍കി. വൈസ് ചാന്‍സലറായിരുന്ന വി.പി. മഹാദേവന്‍ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ചതിനാല്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കിയത്.

കൊച്ചി ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് തെരയുന്നു. വീട് വാടകയ്‌ക്കെടുക്കാന്‍ കൊടുത്ത തിരിച്ചറിയല്‍ രേഖകളും വിലാസവും വ്യാജമാണെന്നു പോലീസ്. ഇതുമൂലം ഇവരെ കണ്ടെത്താന്‍ പ്രയാസമാണ്. കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിയെന്ന് സംശയിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളിയായ ഭര്‍ത്താവ് രാം ബഹദൂര്‍ കേരളം വിട്ടെന്നാണ് സംശയം.

തിരുവനന്തപുരം ഊരൂട്ടമ്പലത്തുനിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവമാണ് അന്വേഷിക്കുന്നത്.

കോട്ടയം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ഒരു കോടി എണ്‍പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ടെര്‍മിനല്‍ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്.

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധി ചുമതല കൈമാറും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് വരണാധികാരി മധുസൂദന മിസ്ത്രി നല്‍കും. ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്താന്‍ വിരോധമില്ലെന്ന് രാഹുല്‍ ഗാന്ധി. നിയുക്ത  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ രാഹുല്‍ ഇക്കാര്യം അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലാണ് ശശി തരൂരും കൂട്ടരും.

കോടതിയില്‍ വനിതാ അഭിഭാഷകര്‍ മുടി ശരിയാക്കരുതെന്ന് പൂനെ ജില്ലാ കോടതിയുടെ നോട്ടീസ്. വനിതാ അഭിഭാഷകര്‍ ഇങ്ങനെ മുടി ശരിയാക്കുന്നത് കോടതി നടപടികളെ ബാധിക്കുന്നെന്നു കാണിച്ചാണു കോടതി നോട്ടീസ് പതിച്ചത്. നോട്ടീസിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കി.

ഗുജറാത്തിലെ വഡോദര നഗരത്തിലെ പാനിഗേറ്റില്‍ ദീപാവലിക്കു  പടക്കം പൊട്ടിച്ചതിനെ ചൊല്ലി രണ്ടു സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടപെട്ട പൊലീസ് ഇരുഭാഗത്തുനിന്നുമായി 19 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദീപാവലി ആഘോഷിച്ചും ചെന്നൈയിലെ പഴയ ദീപാവലി ഓര്‍മകള്‍ പങ്കുവച്ചും ഇന്തോഅമേരിക്കന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമ്മയുടെ സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ധൈര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് കമലാ ഹാരിസ്. പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച വൈറ്റ് ഹൗസിലെ ദീപാവലി വിരുന്നില്‍ ഇരുന്നൂറിലധികം ഇന്ത്യന്‍ അമേരിക്കന്‍ ജനത പങ്കെടുത്തു.

ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളില്‍ സിത്രംഗ് ചുഴലിക്കാറ്റുമൂലം വന്‍ നാശനഷ്ടം. മതിലുകളും മരങ്ങളും തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *