ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലും ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 23 ശതമാനത്തോളം വര്‍ധനവാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉണ്ടായിട്ടുള്ളത്. പുതിയ പോളിസികളുടെ ആദ്യ പ്രീമിയം അടവ് സംഖ്യ കഴിഞ്ഞ വര്‍ഷം ജൂണില്‍ 73000 കോടി രൂപയായിരുന്നെങ്കില്‍ അത് ഈ ജൂണില്‍ 89726 കോടിയായി ഉയര്‍ന്നു. പുതിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണം രാജ്യത്താകമാനം വലിയ തോതില്‍ ഉയരുന്നുണ്ടെന്നാണ് കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നത്. പുതിയ പോളിസി ഉടമകളുടെ എണ്ണം 12.13 ശതമാനം ഉയര്‍ന്നു. 21.79 ലക്ഷം പുതിയ പോളിസികളാണ് ഈ വര്‍ഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത്. വ്യക്തിഗത പോളിസികളിലും ഗ്രൂപ്പ് പോളിസികളിലും ഈ വര്‍ധനവുണ്ട്. ഗ്രൂപ്പ് പോളിസികളില്‍ 14.75 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. ജീവന് സുരക്ഷ എന്നതിനൊപ്പം നിക്ഷേപമെന്ന നിലയിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ ജനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ കണക്കുകളില്‍ നിന്നുള്ള വിലയിരുത്തല്‍. രാജ്യത്ത് ഏജന്റുമാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 1.29 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പുതിയ പോളിസികളുടെ എണ്ണം കൂടാന്‍ ഇത് പ്രധാന കാരണായതായി ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.