മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ദേവനന്ദയുടെ യാത്രകള്‍ക്ക് ഇന്നോവ ഹൈക്രോസിന്റെ കൂട്ട്. കുട്ടി താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഇന്നോവ ഹൈക്രോസ് വാങ്ങിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കള്‍ ദേവനന്ദയ്ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയര്‍ന്ന മോഡലാണ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ് താരം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസ് 2022 ലാണ് വിപണിയിലെത്തുന്നത്. പെട്രോള്‍, പെട്രോള്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ മോഡലില്‍ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് ടെക്കാണ് ഉപയോഗിക്കുന്നത്. 152 ബിഎച്ച്പി കരുത്തും187 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഇലക്ട്രിക് മോട്ടറും കൂടി ചേര്‍ന്നാല്‍ 186 ബിഎച്ച്പിയാണ് കരുത്ത്. 23.24 കിലോമീറ്റര്‍ മൈലേജും നല്‍കും. 1987 സിസി എന്‍ജിനാണ് പെട്രോള്‍ ഇന്നോവയ്ക്കു കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പില്‍ മാത്രമേ രണ്ട് എന്‍ജിനുകളും ലഭിക്കൂ.