ഇന്നസന്റ് അവസാനമായി പാടിയ പാട്ട് ആരാധകരുടെ കണ്ണുകള്‍ നനയിക്കുകയാണ്. അതിഹൃദ്യമായ നാടന്‍പാട്ടാണ് നടന്റെ സ്വരത്തില്‍ അവസാനമായി പുറത്തുവന്നത്. ഇന്നസന്റിനൊപ്പം ശ്രീവത്സന്‍, ഭരത് സജിത്കുമാര്‍ എന്നിവരും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഗോകുല്‍ മംഗലത്ത് വരികള്‍ കുറിച്ച ഗാനമാണിത്. ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും ഗോകുല്‍ തന്നെ. പ്രശാന്ത് ശങ്കര്‍ ആണ് പാട്ടിന് ഈണമൊരുക്കിയത്. തികഞ്ഞ ഊര്‍ജത്തോടും പ്രസരിപ്പാര്‍ന്ന മുഖത്തോടും കൂടെ ഗാനമാലപിക്കുന്ന ഇന്നസന്റിനെയാണ് വീഡിയോയില്‍ കാണാനാകുക. 2021ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോള്‍ ആരാധകഹൃദയങ്ങളെ കരയിപ്പിക്കുകയാണ്. പാട്ട് പാടാന്‍ എന്നും ഇഷ്ടമായിരുന്നു പ്രിയനടന്‍ ഇന്നസന്റിന്. താന്‍ ഗായകനല്ലെങ്കിലും പാട്ട് കിട്ടിയാല്‍ എന്തായാലും പാടുമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നടന്‍ പലതവണ പൊതുവേദിയില്‍ വച്ചു തുറന്നു പറഞ്ഞിട്ടുമുണ്ട്.