തക്കാളി അടക്കമുള്ള പച്ചക്കറികളുടെ പൊള്ളുന്ന വിലയെ തുടര്‍ന്ന് ജൂലൈയില്‍ ഉപയോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 7.44 ശതമാനമായി കത്തിക്കയറി. 2022 മേയില്‍ 7.99 ശതമാനം രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയരമാണിത്. കഴിഞ്ഞ ജൂണില്‍ പണപ്പെരുപ്പം 4.81 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില നിലവാരം ജൂണിലെ 4.49 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 11.51 ശതമാനത്തിലേക്ക് കുതിച്ചതാണ് പണപ്പെരുപ്പം കൂടാന്‍ വഴിയൊരുക്കിയത്. പണപ്പെരുപ്പം 6-6.5 ശതമാനം നിലവാരത്തിലാകുമെന്നായിരുന്നു. എന്നാല്‍, അതിനെയും കവച്ചുവയ്ക്കുന്ന കുതിപ്പാണ് ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പം നടത്തിയത്. പച്ചക്കറികളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 0.93 ശതമാനത്തില്‍ നിന്ന് 37.34 ശതമാനത്തിലേക്കും ഭക്ഷ്യ, പാനീയ ഉത്പന്ന വിലനിലവാരം 4.63ല്‍ നിന്ന് 10.57 ശതമാനത്തിലേക്കും ധാന്യങ്ങളുടെ വില 12.71ല്‍ നിന്ന് 13.04 ശതമാനത്തിലേക്കും കഴിഞ്ഞമാസം കൂടി. റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനമെന്ന ലക്ഷ്മണരേഖ കടന്ന സ്ഥിതിക്ക് ഒക്ടോബറില്‍ നടക്കുന്ന പണനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാന്‍ മുതിര്‍ന്നേക്കും. ഇത്, ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടാനിടയാക്കും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മൂലം കഴിഞ്ഞമാസം കേരളത്തിലും പണപ്പെരുപ്പം കുതിച്ചു. എങ്കിലും രാജ്യത്ത് മുന്‍നിര സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി നിലനില്‍ക്കാന്‍ കേരളത്തിനായി എന്ന നേട്ടമുണ്ട്. ജൂണിലെ 5.25 ശതമാനത്തില്‍ നിന്ന് 6.43 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം കേരളത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം കൂടിയത്. ഗ്രാമങ്ങളില്‍ 6.51 ശതമാനവും നഗരമേഖലകളില്‍ 6.37 ശതമാനവുമാണ് കേരളത്തില്‍ പണപ്പെരുപ്പം.