മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് എത്തിയത്. ഡിസംബറില്‍ പണപ്പെരുപ്പനിരക്ക് 4.95 ശതമാനമായാണ് താഴ്ന്നത്. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില താഴ്ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. നവംബറില്‍ 5.85 ശതമാനമായിരുന്നതാണ് 4.95 ശതമാനമായി താഴ്ന്നത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നില്‍ക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി 18 മാസങ്ങളില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 14.27 ശതമാനമായിരുന്നു. 2021 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പത്തെ താഴ്ന്ന നിരക്ക്. അന്ന് 4.83 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.