ഇന്ത്യന്‍ വ്യോമയാന രംഗത്ത് ചരിത്ര നേട്ടം കൊയ്യാന്‍ ഒരുങ്ങി ഇന്‍ഡിഗോയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 500 പുത്തന്‍ വിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ഈ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ഓര്‍ഡര്‍ ഉടന്‍ നല്‍കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ ഓര്‍ഡര്‍ എന്ന പെരുമയോടെ എയര്‍ ഇന്ത്യ 470 പുത്തന്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ പുതിയ പ്രഖ്യാപനവും. അതേസമയം, ആവശ്യമെങ്കില്‍ 370 വിമാനങ്ങള്‍ അധികമായി വാങ്ങാമെന്ന കരാറിലും എയര്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. മൊത്തം 870 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസ്, ബോയിംഗ് എന്നിവയുമായാണ് എയര്‍ ഇന്ത്യയുടെ കരാര്‍. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഡിഗോയുടെ പുതിയ നീക്കം. 2019- ല്‍ 300 പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇന്‍ഡിഗോ നല്‍കിയിരുന്നു. ഇതിനുശേഷമാണ് 500 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന പ്രഖ്യാപനം നടത്തിയത്. 2030 ഓടെയാണ് ഓര്‍ഡര്‍ നല്കിയ വിമാനങ്ങള്‍ ലഭിക്കുക. നിലവില്‍, 102 നഗരങ്ങളിലേക്ക് ഇന്‍ഡിഗോ പ്രതിദിനം 1,800 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതില്‍ 26 എണ്ണം അന്താരാഷ്ട്ര നഗരങ്ങളാണ്.