ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി, പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാർട്ടിയിൽ എത്തിക്കാൻ നീക്കങ്ങൾ നടത്തുന്നുവെന്ന് സൂചന. മറ്റു പാർട്ടികളിൽ തന്നെ സ്വാധീനമുള്ള നേതാക്കളെയാണ് ബിജെപി നോട്ടമിടുന്നത്. പ്രതിപക്ഷ പാർട്ടികളിൽ ഇടഞ്ഞു നിൽക്കുന്ന ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാക്കളെയാണ് ബിജെപിക്ക് താല്പര്യം . കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്ന സമിതിയ്ക്ക് ബിജെപി രൂപം നൽകി കഴിഞ്ഞു. മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളെ കണ്ടെത്തി ബിജെപിയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇനി വരുന്ന തെരഞ്ഞെടുപ്പിൽ മോദി സർക്കാർ ഹാട്രിക് അടിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രതിപക്ഷ പാർട്ടികളിലെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ബിജെപിയിലേക്കടുപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമിതിക്ക് നൽകി കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് മറ്റു പാർട്ടികളിൽ നിന്നും കൂടുതൽ പ്രമുഖർ ബിജെപിയിലേക്ക് എത്തുമെന്നാണ് സൂചന.