ജൂലൈയില്‍ ഇന്ത്യയുടെ കയറ്റുമതി 15.88% ഇടിഞ്ഞ് 32.25 ബില്യണ്‍ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 38.34 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ കുറവ്. ജൂണില്‍ ചരക്ക് കയറ്റുമതി 32.97 ബില്യണ്‍ ഡോളറായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ കയറ്റുമതി 14.5% ഇടിഞ്ഞ് 136.22 ബില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതിയും 13.79% ശതമാനം ഇടിഞ്ഞ് 213.2 ബില്യണ്‍ ഡോളറായി. ജൂലൈയില്‍ ഇറക്കുമതി 52.92 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ മാസം ഇറക്കുമതി 53.10 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി 34.55 ബില്യണില്‍ നിന്ന് 32.70 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടും ചൈന ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ചരക്ക് വിതരണക്കാരായി തുടര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 10.42 ബില്യണ്‍ ഡോളറില്‍ നിന്ന് ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതി 20.45 ബില്യണ്‍ ഡോളറായി വര്‍ധിച്ചതോടെ, റഷ്യ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ ചരക്ക് വിതരണക്കാരായി മാറി. ജൂലൈയിലെ സേവന കയറ്റുമതി 27.17 ബില്യണ്‍ ഡോളറും ഇറക്കുമതി 14.85 ബില്യണ്‍ ഡോളറും രേഖപ്പെടുത്തി. ജൂണില്‍ സേവന കയറ്റുമതി 27.12 ബില്യണ്‍ ഡോളറും ഇറക്കുമതി 15.88 ബില്യണ്‍ ഡോളറുമായിരുന്നു. ഏപ്രില്‍-ജൂലൈ കാലയളവില്‍ സേവനങ്ങളുടെയും ചരക്കുകളുടെയും കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6% ഇടിഞ്ഞ് 244.15 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 11% ഇടിഞ്ഞ് 272.41 ബില്യണ്‍ ഡോളറിലുമെത്തി.