ആഗോള തലത്തില്‍ കപ്പല്‍ പൊളിക്കലില്‍ ഇന്ത്യയുടെ ആധിപത്യം വര്‍ധിച്ചതായി കണക്കുകള്‍. ബംഗ്ലാദേശിന്റെയും പാക്കിസ്ഥാന്റെയും ഈ രംഗത്തെ മുന്നേറ്റം അവസാനിപ്പിച്ചാണ് ഇന്ത്യ കപ്പല്‍ പൊളിക്കല്‍ ശക്തിയായി മാറിയത്. 2025ല്‍ ലോകത്ത് നടന്ന കപ്പല്‍ പൊളിക്കലിന്റെ 35.4 ശതമാനം ഇന്ത്യയിലായിരുന്നു. നിലവില്‍ ഇന്ത്യയ്ക്കാണ് ഒന്നാംസ്ഥാനം. 2024ല്‍ ഇന്ത്യയുടെ വിപണി വിഹിതം 30.1 ശതമാനമായിരുന്നു. 2025ല്‍ 2.99 മില്യണ്‍ ഗ്രോസ് ടണ്‍ ആയിരുന്നു ഇന്ത്യയുടെ പൊളിക്കല്‍. 2024ലെ 1.86 മില്യണ്‍ ഗ്രോസ് ടണ്ണില്‍ നിന്ന് 60 ശതമാനം വര്‍ധന. 2030ഓടെ ലോകത്തെ ഏറ്റവും വലിയ ഷിപ്പ് റീസൈക്ലിംഗ് രാജ്യമാകുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഈ ലക്ഷ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 2030ഓടെ ആകെ പൊളിക്കുന്ന കപ്പലുകളുടെ പാതിയും ഇന്ത്യയിലാകുമെന്നാണ് വിലയിരുത്തല്‍. ബംഗ്ലാദേശ് ആയിരുന്നു വര്‍ഷങ്ങളായി ഈ മേഖലയില്‍ മുന്നിലുണ്ടായിരുന്നത്.
