മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുക്കി ഇന്ത്യയിലെ നിക്ഷേപകര്‍. മെയ് മാസത്തിലെ നിക്ഷേപം റെക്കോഡ് നിരക്കിലെത്തി. മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മേയില്‍ 34,697 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഏപ്രിലിനെ അപേക്ഷിച്ച് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് മെയ് മാസത്തില്‍ ഏകദേശം ഇരട്ടിയായതായി അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 18,917.09 കോടി രൂപ മാത്രമായിരുന്നു. മെയ് മാസത്തിലെ നിക്ഷേപത്തില്‍ 83.41% ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തില്‍ ഉണ്ടായത് ഏറ്റവും കൂടുതല്‍ നിക്ഷേപം സ്മോള്‍ക്യാപ് ഫണ്ടുകളിലേക്കാണ്. 2,724.67 കോടി രൂപയാണ് ഈ വിഭാഗത്തിലെ നിക്ഷേപം. ഏപ്രിലില്‍ ഇത് 2,208.70 കോടി രൂപയായിരുന്നു. മിഡ്ക്യാപ് സ്കീമുകളിലേക്ക് 2,605.70 കോടി രൂപയുടെ നിക്ഷേപം എത്തി. ഏപ്രിലില്‍ ഇത് 1,793.07 കോടി രൂപയായിരുന്നു. ഏപ്രിലില്‍ 357.56 കോടി രൂപയായിരുന്ന ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം മേയില്‍ 663.09 കോടി രൂപയായി ഉയര്‍ന്നു. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂച്വല്‍ ഫണ്ട് സ്കീമുകളെ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്. ഏപ്രിലില്‍ ഇഎല്‍എസ്എസ് വഴി 144.04 കോടി രൂപയുടെ നിക്ഷേപമെത്തിയപ്പോള്‍ മെയ് മാസത്തില്‍ ഇത് 249.80 കോടിയായി ഉയര്‍ന്നു.