ആഗോള തലത്തില്‍ വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറ്റം കൈവരിക്കുമെന്ന് ധനമന്ത്രാലയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുക. കൂടാതെ, രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം മൊത്ത വിലക്കയറ്റത്തിന് അനുസൃതമായി 25 മാസത്തെ താഴ്ന്ന നിലയില്‍ എത്തുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 4.4 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവിധ മേഖലകള്‍ നേട്ടം കൈവരിച്ചതിനാല്‍ നാലാം പാദത്തിലും വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന സേവന കയറ്റുമതി, എണ്ണവിലയിലെ മിതത്വം, ഇറക്കുമതി- ഉപഭോഗ ആവശ്യകതയിലെ ഇടിവ് തുടങ്ങിയവ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. രാജ്യത്ത് ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കുന്നതോടെ കറന്റ് അക്കൗണ്ട് കമ്മി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആനുപാതികമായി കുറയുമെന്നാണ് സൂചന. ഇത് രൂപയ്ക്ക് ബലം നല്കാന് സഹായിക്കുന്നതാണ്. നിലവില്‍, ഫെഡ് റിസര്‍വ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ട്. ഇത് ആഗോള വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.