ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ചു റണ്‍സിന് തകര്‍ത്ത് ഇന്ത്യ. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. 32 പന്തില്‍ 50 റണ്‍സ് നേടിയ കെ.എല്‍.രാഹുല്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും കോലിയൊഴികെ മറ്റൊരു ബാറ്റ്സ്മാനും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. കോലി 44 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യ ഇരുപതോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.
ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് 27 പന്തില്‍ നിന്ന് 60റണ്‍സ് നേടിയ ഓപ്പണര്‍ ലിറ്റണ്‍ ദാസ് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന ശക്തമായ നിലയില്‍ നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ ആരംഭിച്ചത്. മഴമാറി മത്സരം പുനരാരംഭിച്ചതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചു. 14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.