സിപിഎം ഏരിയ കമ്മിറ്റിയംഗം സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചു എന്ന പരാതി പരിശോധിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന വിഡിയോ പരിശോധന പുതിയ വിവാദമാകുന്നു.
സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കൾ ഒന്നിച്ചിരുന്നു കണ്ടത് മര്യാദകേടല്ലേ എന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. എന്നാൽ
ഇങ്ങനെയൊരു വിഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചിലർ ഉന്നയിച്ചപ്പോഴാണ് ദൃശ്യങ്ങളുള്ള പെൻഡ്രൈവ് പാർട്ടി ഓഫിസിലെ സ്റ്റുഡിയോയിൽ കംപ്യൂട്ടറിൽ കണക്റ്റ് ചെയ്തു കണ്ടത് എന്നതാണ് സംഭവം.
പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സ്ത്രീകൾ ഉൾപ്പെട്ട ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്നം അന്വേഷിച്ച കമ്മീഷൻ അംഗങ്ങൾ ഒരുമിച്ചിരുന്ന് ദൃശ്യങ്ങൾ കണ്ടു. വിഡിയോ കണ്ട നേതാക്കളെ അതിലുള്ളവർ ഇനി എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യവുമായാണ് ചിലർ ഈ വിഷയത്തെ എതിർക്കുന്നത്. ഏതായാലും ദൃശ്യങ്ങൾ ഫോണിൽ ഉണ്ട് എന്ന് ഉറപ്പായതിനെ തുടർന്ന്
ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു.
പാർട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയിലും
അശ്ലീല വിഡിയോ പകർത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാലും സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടില്ല.