ജൂലൈ മാസത്തിലെ കേന്ദ്ര ജി.എസ്.ടി വരുമാനത്തില്‍ വര്‍ധന. ചരക്ക് സേവന നികുതിയില്‍ നിന്നുള്ള മൊത്ത വരുമാനം ജൂലൈയില്‍ 1.96 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കളക്ഷനേക്കാള്‍ 7.5 ശതമാനം കൂടുതലാണിത്. 2025 ജൂണിലെ കളക്ഷനേക്കാള്‍ 6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജി.എസ്.ടി സംവിധാനത്തിന് കീഴിലുള്ള റീഫണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 2025 ജൂലൈയില്‍ ഏകദേശം 67 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27,147 കോടി രൂപയാണ് ജൂലൈയില്‍ റീഫണ്ടുകളായി അനുവദിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുളള സര്‍ക്കാരിന്റെ മൊത്തം ജിഎസ്ടി വരുമാനം 1.7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശേഖരിച്ച തുകയേക്കാള്‍ 1.7 ശതമാനം കൂടുതലാണിത്. 2025 ജൂലൈയിലെ മൊത്ത ആഭ്യന്തര ജി.എസ്.ടി വരുമാനം 1.43 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇറക്കുമതി ജി.എസ്.ടി വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 9.7 ശതമാനം വര്‍ധിച്ച് 52,712 കോടി രൂപയിലെത്തി.