ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വന്ദനയുടെ മാതാപിതാക്കളോടും ഇക്കാര്യത്തിൽ അഭിപ്രായമാരായും എന്നും സർക്കാർ കോടതിയിൽ പറഞ്ഞു. വന്ദനയുടെ രക്ഷിതാക്കൾക്ക് പരാതിയുണ്ടെങ്കിൽ അത് കേൾക്കാൻ സർക്കാർ തയ്യാറാണ് എന്നും, പരാതി പരിഹാരത്തിനായി നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
രക്ഷിതാക്കളുടെ കൂടി നിർദേശം ഇക്കാര്യത്തിൽ തേടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വന്ദന ദാസിന്റെ മരണത്തിൽ സിബഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള പ്രതി സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ ഈ മാസം 18ന് ഹൈക്കോടതി അന്തിമ വാദം കേൾക്കും.
കഴിഞ്ഞ മെയ് മാസം പത്താം തീയതിയാണ് ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കുവേണ്ടി പോലീസ് ആശുപത്രിയിൽ എത്തിച്ച പ്രതി സന്ദീപ് ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിലവിൽ സിബിഐ അന്വേഷണം ഈ കേസിൽ ആവശ്യമില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. അന്വേഷണം കാര്യക്ഷമമായി തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു.