തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കേ ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു. ഛലോഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭവേശ് കത്താരയാണ് ഒടുവിലായി രാജിവച്ചത് .മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കോൺഗ്രസ് എംഎൽഎ മാർ പാർട്ടിയിൽനിന്ന് രാജിവച്ചു. എംഎൽഎ സ്ഥാനവും രാജിവെച്ച ഭവേശ് സ്പീക്കർ നിമാബെൻ ആചാര്യയുടെ വസതിയിലെത്തി രാജിക്കത്ത് സമർപ്പിച്ചു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി അന്തിമമാക്കുന്നതിനിടെയാണ് ഭവേശ് കത്താരയുടെ രാജി. ഇദ്ദേഹം വ്യാഴാഴ്ച ബിജെപിയിൽ ചേർന്നേക്കും. ഗുജറാത്തിലെ പ്രധാന നേതാക്കളായ രണ്ട് എം എൽ എ മാർ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പത്തുതവണ എംഎൽഎ യായിരുന്ന മോഹൻസിൻഹ് രത്‍വ, സൗരാഷ്ട്രയിലെ പ്രധാന നേതാവും തലാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ ഭഗവൻ ഭായ് ബരാഡ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ബി ജെ പി യിൽ ചേർന്ന രണ്ടു എം എൽ മാർ .