ഇടുക്കിയിൽ വഴിയിൽ നിന്ന് വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം.
ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണു കിട്ടിയ മദ്യം അനിൽ കുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും.
ജനുവരി എട്ടിന് രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ഛർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. അടിമാലി അഫ്സര കുന്ന് സ്വദേശികളാണ് മൂന്ന് പേരും. മദ്യം നൽകിയ ആളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. സുധീഷാണ് വഴിയിൽ നിന്നും കിട്ടിയ മദ്യം ഇവർ മൂവരേയും ഏല്പിച്ചത്. എന്നാൽ സുധീഷ് ആ മദ്യം കുടിച്ചില്ല. കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു.
അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനിൽ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.
ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം തുടരുന്നു. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന അന്വേഷണമാണ് നടക്കുന്നത്.