കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച് തനിക്കു വ്യക്തമായ ധാരണയുണ്ടെന്നും ഉചിതമായ അവസരങ്ങളില്‍ അതു പ്രകടമാക്കുമെന്നും രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റാകണമെന്നില്ല. പാര്‍ട്ടി വിട്ടുപോകുന്നവരില്‍ ബിജെപിയുടെ സമ്മര്‍ദവും സ്വാധീനവും കാണാം. ഭരണകൂട സ്ഥാപനങ്ങളെ ദുരുപയോഗിച്ചാണ് സമ്മര്‍ദത്തിലാക്കുന്നത്. രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലേക്കു പ്രവേശിക്കും. പാറശാലയില്‍ നാളെ രാത്രി എത്തുന്ന യാത്ര തിങ്കളാഴ്ച മുതല്‍ കേരളത്തിലൂടെ പര്യടനം നടത്തും.
ഇന്ത്യ – ചൈന അതിര്‍ത്തിയിലെ ഗോഗ്ര – ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍നിന്ന് ചൈനയുടെ സൈന്യം പിന്‍മാറുന്നുണ്ടെന്ന് ഇന്ത്യ. അതിര്‍ത്തിയിലെ താല്ക്കാലിക നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കും. തിങ്കളാഴ്ചയോടെ പിന്മാറ്റം പൂര്‍ത്തിയാക്കും. മറ്റു മേഖലകളിലെ പിന്‍മാറ്റത്തിനായി ചര്‍ച്ച തുടരും. ഉസ്ബെക്കിസ്ഥാനില്‍ പതിനഞ്ചിന് നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സേനാ പിന്മാറ്റം.
കേരളത്തിലെ തെരുവ് നായ് പ്രശ്നത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കു പ്രാധാന്യമുണ്ടെന്നു സുപ്രീം കോടതി. തെരുവായ്ക്കളെ പോറ്റുന്നവര്‍ അവയ്ക്കു വാക്സിന്‍ നല്‍കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും കോടതി. ഈ മാസം 28 ന് ഇടക്കാല ഉത്തരവ് ഇറക്കും.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം. എന്‍ഫോഴ്സ്മെന്റ് കേസിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.
കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബഫര്‍സോണ്‍ വിധി പുനപരിശോധിക്കണമെന്ന ആവശ്യമില്ല. വിധിയില്‍ വ്യക്തത വേണമെന്നു മാത്രമാണ് ഹര്‍ജിയിലെ ആവശ്യം. പുനപരിശോധന ഹര്‍ജി നല്‍കിയെന്നാണു നേരത്തെ പ്രചരിപ്പിച്ചിരുന്നത്.
തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നു തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. കശുവണ്ടി, കയര്‍, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് 52.34 കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പേരെ ലാവ്ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കില്‍ മാത്രമേ ലാവ്ലിന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുപ്പതിലേറെ തവണ മാറ്റിവച്ച ലാവ്ലിന്‍ കേസ് ഇനി മാറ്റിവയ്ക്കരുതെന്ന് ചീഫ് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
ഇന്നു ശ്രീനാരായണ ഗുരു ജയന്തി. ഗുരുവിന്റേത് ഉള്‍പ്പടെയുള്ള നവോത്ഥാന ചിന്തകള്‍ക്ക് തുടര്‍ച്ച നല്‍കിയത് കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും നമ്മള്‍ മുന്നേറണം. ആ വഴിയില്‍ വര്‍ഗീയതയും ജാതീയതയും വിദ്വേഷ രാഷ്ട്രീയവും വെല്ലുവിളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.