2023 ജനുവരി ഓട്ടോ എക്സ്പോയില്‍ ആണ് ഹ്യുണ്ടായ് അയോണിക് 5 ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിച്ചത്. ഇതുവരെ ഈ കാറിന്റെ 1,000 യൂണിറ്റുകള്‍ കമ്പനി വിറ്റു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കോന ഇലക്ട്രിക് എസ്യുവിക്ക് ശേഷം ഹ്യുണ്ടായിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറാണ് ഹ്യുണ്ടായ് അയോണിക് 5 ഇവി. 45.95 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള അയോണിക്ക് 5 രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു. ഹ്യുണ്ടായ് ഗ്രൂപ്പിന്റെ കിയ ഇവി6മായി പങ്കിട്ട ഇ-ജിഎംപി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക്ക് 5 നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് എസ്യുവിക്ക് ആഡംബര കാബിനോടുകൂടിയ അസാധാരണമായ ഡിസൈന്‍ ഭാഷയാണ് ലഭിക്കുന്നത്. മോട്ടോര്‍ 350 എന്‍എം പീക്ക് ടോര്‍ക്കും 214 ബിഎച്ച്പിയും ഉത്പാദിപ്പിക്കുന്നു. വെറും 6.1 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അയോണിക് 5 ന് കഴിയുമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്ററാണ് ഹ്യുണ്ടായ് അയോണിക് 5-ന്റെ എആര്‍എഐ അവകാശപ്പെടുന്ന റേഞ്ച്. ചാര്‍ജ് ചെയ്യുന്നതിനായി, ഹ്യുണ്ടായ് രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.