ഇരട്ട നരബലിക്കേസിനു പിറകേ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളെ കാണാതായ 26 കേസുകളില്‍ പുനരന്വേഷണവുമായി പൊലീസ്. എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. എറണാകുളത്തെ 14 കേസുകളും പത്തനംതിട്ടയിലെ 12 കേസുകളുമാണ് അന്വേഷിക്കുക.
നരബലിക്കു ശേഷം മനുഷ്യമാംസം ഭക്ഷിച്ചെന്നു പറയാന്‍ പോലീസ് നിര്‍ബന്ധിച്ചെന്ന് പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും. പ്രതികളുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ ഈ വിഷയം കോടതിയില്‍ ഉന്നയിച്ചു. കോടതിയിലേക്കു കൊണ്ടുപോകാന്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറക്കിയ പ്രതികള്‍ മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. വിലക്കു ശരിവച്ച ഹൈക്കോടതി വിധിയെ അനുകൂലിച്ചും എതിര്‍ത്തും ഭിന്ന വിധി വന്ന സാഹചര്യത്തിലാണ് വിശാല ബഞ്ചിനു വിട്ടത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഈ വിധി തള്ളി. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കഴിഞ്ഞ മാസം 14 ന് കോവളത്തെ ഗസ്റ്റ് ഹൗസിലേക്കു കൂട്ടിക്കൊണ്ടുപോയി പിഎയുടേയും സുഹൃത്തിന്റേയും മുന്നില്‍ വെച്ച് മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് നടപടി. എംഎല്‍എയുടെ പിഎ ഡാനി പോളിനെയും സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു മൊഴിയെടുക്കും.
‘ഭൂ രേഖകള്‍ ഒരു വിരല്‍ത്തുമ്പില്‍’ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി’ പദ്ധതി തുടങ്ങി. ഡിജിറ്റല്‍ സര്‍വേയിലൂടെ നാലു വര്‍ഷം കൊണ്ട് ഭൂരേഖകള്‍ തയ്യാറാക്കി അതിര്‍ത്തി നിര്‍ണയിക്കുന്ന പദ്ധതിയാണിത്. തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ ‘സര്‍വേ സഭകള്‍’ ആദ്യ ഘട്ടത്തില്‍ 200 വില്ലേജുകളില്‍ സര്‍വേ നടത്തും. ഗ്രാമസഭയുടെ പകര്‍പ്പായ ആദ്യ ‘സര്‍വേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്ലൂര്‍ വാര്‍ഡില്‍ യോഗം ചേര്‍ന്നു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി.
ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗിനെ പ്രണക്കെണിയില്‍ കുരുക്കിയ ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. മൂന്ന് വര്‍ഷം 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മില്‍ നടത്തിയത്. ഷാഫി, ശ്രീദേവിയെന്ന പേരില്‍ മറ്റുള്ളവരെ കബളിപ്പിച്ചു നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
നരബലിയില്‍ കൊല്ലപ്പെട്ട റോസിലിക്കു സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നില്ലെന്ന് പങ്കാളി സജീഷ്. എല്ലാ സാമ്പത്തിക ആവശ്യങ്ങളും താന്‍ നിറവേറ്റിയിരുന്നു. ലോട്ടറി കച്ചവടം താന്‍ അറിഞ്ഞിരുന്നില്ലെന്ന് സജീഷ് പറഞ്ഞു. റോസിലി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതായി അറിഞ്ഞില്ല. ഷാഫിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഫോണില്‍ കിട്ടാതിരുന്നപ്പോഴാണ് പരാതി നല്‍കിയതെന്നും സജീഷ്.
പത്തനംതിട്ട മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയപ്പാട് വാസന്തി മഠത്തിലെ ശോഭനയാണ് പിടിയിലായത്. കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവിടേക്ക് ഡിവൈഎഫ്ഐ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.