അതിസമ്പന്നരുടെ എണ്ണം ഇന്ത്യയില്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് ഡാറ്റയുടെ വിശകലനത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. 2023 ഡിസംബര്‍ 31 ഓടെ കോടീശ്വരന്മാരുടെ എണ്ണം 2.16 ലക്ഷത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. 2023-24 ലെ മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ വരുമാന വിവരങ്ങള്‍ നല്‍കിയത് 12,218 പേരായിരുന്നു, ഇത് 2022-23 ലെ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ഈ വര്‍ഷം 10,528 പേര്‍ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞു. 2022-23 ല്‍ രാജ്യത്ത് ഒരു കോടി രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ളവരുടെ എണ്ണം 1,87,000 ആയിരുന്നു. എന്നാല്‍ 2023-24 മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ള ആളുകളുടെ എണ്ണം 2.16 ലക്ഷമാണെന്നും കണക്കാക്കപ്പെടുന്നു. 2021-22 മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ള ആളുകളുടെ എണ്ണം 1,14,446 ആയിരുന്നു, അതേസമയം 2020-21 ല്‍ 81,653 നികുതിദായകര്‍ മാത്രമാണ് ഒരു കോടി രൂപയില്‍ കൂടുതല്‍ വരുമാനം കാണിച്ചത്. ഇക്കൂട്ടത്തില്‍ വ്യക്തിഗത നികുതിദായകര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.