ശസ്ത്രക്രിയകൾ ഇന്ന് പുതുമയല്ലാത്തതായി മാറിക്കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെ പല അസുഖങ്ങളും ഭേദമാക്കുമ്പോഴും, ശസ്ത്രക്രിയ രീതി എന്ന് എപ്പോൾ എവിടെ നിലവിൽ വന്നു എന്ന് അറിയാവുന്നവർ വളരെ കുറച്ചു മാത്രമായിരിക്കും. ശസ്ത്രക്രിയ രീതിയും സുശ്രൂതനെയുംകുറിച്ച് നമുക്കറിയാം….!!!!
ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവ് ഇദ്ദേഹമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും, 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും, പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു.
സുശ്രൂതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ് ദിവോദാസയുടെ ശിഷ്യനായിരുന്നു എന്നാണ് പറയപ്പെടുന്നത്. വാരണാസിയിൽ വെച്ച് ആണ്സുശ്രുതൻ ഗുരുമുഖത്തുനിന്ന് വൈദ്യം അഭ്യസിച്ചത് . ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങൾ അദ്ദേഹം സ്വന്തമായി ഉണ്ടാക്കുകയാണ് ചെയ്തത്. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത് അദ്ദേഹം വിദഗ്ധനായിത്തീർന്നു. ചികിത്സയിൽ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത് സുശ്രുതനാണ്. അദ്ദേഹം തന്റെ കണ്ടെത്തലുകൾ ‘ശല്യതന്ത്രം’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത് ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്ന വ്യക്തി പരിഷ്ക്കരിച്ചതാണ് ഇന്നു ലഭ്യമായ ‘സുശ്രുതസംഹിത’.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. എന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ് ശാസ്ത്രം രേഖപ്പെടുത്തുന്നു . പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു.
സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതപ്പെടുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെയാണ്. മദ്യമായിരുന്നു ശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്.തിമിര ശസ്ത്രക്രിയ, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുക, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുക എന്നിവയിൽ അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ.
ശസ്ത്രക്രിയയ്ക്ക് കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു . പ്രഗല്ഭനായ ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.
ചരകത്തെക്കാൾ ആധുനികമാണ് സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ് ‘സുശ്രുതസംഹിത’. അഥർവേദത്തിന്റെ ഉപാംഗമാണ് ആയുർവേദമെന്ന് സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെയാണവ.ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ് വാഗ്ഭടന്റെ ‘അഷ്ടാംഗഹൃദയ’.
സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് സി.കെ. വാസുദേവശർമയാണ്. സൂത്രസ്ഥാനം വടക്കേപ്പാട്ട് നാരായണൻ നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം. നാരായണൻ വൈദ്യനും മലയാളത്തിൽ രചിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വർഷം മുമ്പാണ് ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതൻ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും പറയപ്പെടുന്നു.
ബുദ്ധന്റെ സമകാലീനനെന്ന് ആണ് സുശ്രുതൻ വിശേഷിപ്പിക്കപ്പെടുന്നത് . ശസ്ത്രക്രിയയെ സംബന്ധിച്ചു രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണിത്. സുശ്രുതൻ ജീവിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി വ്യക്തമായ തെളിവുകളില്ലയെങ്കിലും, മറ്റ് ഗ്രന്ഥങ്ങളിലെ പരാമാർശങ്ങളെ അടിസ്ഥാനമാക്കി ബി സി 800 നും 600 നും ഇടയ്ക്കു അദ്ദേഹം ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം.
ചില ചരിത്രകാരന്മാർ, സുശ്രുതൻ ജീവിച്ചിരുന്നത് ബി സി 3000 മുതൽ എ ഡി 10 ആം നൂറ്റാണ്ടു വരെയുള്ള പല കാലഘട്ടങ്ങളിലെന്ന് അവകാശപ്പെടുന്നു. നാഗാർജ്ജുനൻ രചിച്ച ഉപായഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ സുശ്രുതനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. അതിനാൽ സുശ്രുതൻ നാഗർജ്ജുനനു മുൻപ് ജീവിച്ചിരുന്നു എന്ന് ചിലർ സ്ഥാപിക്കുന്നു. പാണിനിയടക്കമുള്ള പണ്ഡിതന്മാർ അവരുടെ രചനകളിൽ സുശ്രുതനെ “ഒരു പുതിയ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്” എന്ന് വിശേഷിപ്പിക്കുന്നു.
സുശ്രുതന്റെ ഗുരു ദിവോദാസ ധന്വന്തരി, ധന്വന്തരി മഹർഷിയുടെ നാലാം തലമുറയായി ജനിച്ചുവെന്ന് ഗരുഡപുരാണത്തിൽ പരാമർശിച്ചിട്ടുണ്ട്. സുശ്രുതനു ശേഷമുള്ള കാലഘട്ടത്തിൽ ആയുർവേദത്തിന്റെ മറ്റു വിഭാഗങ്ങൾ വളർന്നുവെങ്കിലും ശസ്ത്രക്രിയ പഠനത്തിനായി ശവശരീരം തുറന്നുള്ള പഠനവും നിരീക്ഷണങ്ങളും നിഷിദ്ധമായിരുന്നതിനാൽ അത് പ്രാധാന്യമർഹിക്കാത്ത ഒരു വിഷയമായി മാറി.
രണ്ട് വിഭാഗങ്ങളായാണ് സുശ്രുതസംഹിത.പൂർവ്വതന്ത്രംഅഞ്ച് ഉപവിഭാഗങ്ങളിലായി നൂറ്റി ഇരുപത് അദ്ധ്യായങ്ങൾ.ഉത്തരതന്ത്രംശസ്ത്രക്രിയയുടെ അനന്തര ഫലങ്ങളും കണ്ണ്, ചെവി, മൂക്ക്, തല എന്നീഅവയവങ്ങളിലെ ശസ്ത്രക്രിയകൾ വിശദീകരിക്കുന്ന നാല് ഉപവിഭാഗങ്ങൾ വേറെയും ഉണ്ട്. സുശ്രുതനെ കുറിച്ച് അറിയുന്തോറും സുശ്രുതസംഹിതയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയും നമുക്ക് വർദ്ധിക്കും. അറിയാക്കഥകളിലൂടെ ഇതിനെക്കുറിച്ച് കൂടുതലായി നമുക്കറിയാം.