ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യയ്ക്ക് ഇ20 (20 ശതമാനം എത്തനോള്‍ കലര്‍ന്ന) പെട്രോള്‍ കംപ്ലയന്‍സ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. അമേസ്, സിറ്റി, സിറ്റി ഇ:എച്ച്ഇവി, എലിവേറ്റ് എന്നിവയുള്‍പ്പെടെ നിലവിലുള്ള എല്ലാ മോഡലുകളും ഇതില്‍ ഉള്‍പ്പെടും. 2009 ജനുവരി 1 മുതല്‍ നിര്‍മ്മിച്ച എല്ലാ കാറുകളും ഇ20 കംപ്ലയിന്റേതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പഴയ ഹോണ്ട കാറുകളില്‍ പോലും ഹോണ്ട ഉപഭോക്താക്കള്‍ക്ക് ഇ20 പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയും. 2025 ഏപ്രില്‍ 1- ന് മുമ്പ് എല്ലാ ജ്വലന എഞ്ചിനുകള്‍ക്കും ഇ20 പാലിക്കല്‍ നിര്‍ബന്ധമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതായത്, എല്ലാ വാഹനങ്ങള്‍ക്കും 20 ശതമാനം എത്തനോള്‍, 80 ശതമാനം പെട്രോളിന്റെ ഇന്ധന മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അതേസമയം ഹോണ്ട സിറ്റിയുടെ അപെക്സ് എഡിഷന്‍ കമ്പനി അടുത്തിടെ പുറത്തിറക്കി. 13.30 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ജനപ്രിയ സെഡാന്റെ ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.