Untitled design 20240819 162045 0000

 

താജ്മഹലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ മനസ്സിലായി കാണുമല്ലോ. ഇന്ന് നമുക്ക് താജ്മഹലിനെ ചരിത്രത്തെക്കുറിച്ച് നോക്കാം….!!!

താജ് മഹലിന്റെ നിർമാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീർണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേർന്ന് താജ് മഹലിന്റെ ചുവരുകളിൽ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവർന്നെടുത്തു.

 

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് വൈസ്രോയി താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് നടന്ന പുനരുദ്ധാരണം 1908 ൽ അവസാനിച്ചു. അതോടനുബന്ധിച്ച് അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് ഉദ്യാനം ബ്രിട്ടീഷ് രീതിയിൽ ഇന്ന് കാണുന്ന പോലെ പുനർനവീകരിച്ചത്.

1942-ൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജർമ്മനിയുടെ വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന് മുകളിൽ അതിനെ മറക്കുന്നതിനായി ഒരു താൽക്കാലിക ചട്ടക്കൂട് നിർമ്മിക്കുകയുണ്ടായി.ഇത്തരത്തിലുള്ള താൽക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാകിസ്താൻ യുദ്ധക്കാ‍ലഘട്ടങ്ങളിൽ വീണ്ടും സ്ഥാപിക്കുകയുണ്ടായി.

അടുത്ത കാലങ്ങളിൽ താജ് മഹൽ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മഥുരയിലെ എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴ പ്രഭാവം കൊണ്ടും വെള്ള മാർബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. താജ് മഹലിന്റെ നിറം മങ്ങുന്നതിൽ നിന്നും സംരക്ഷിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം മണ്ണ് ഉപയോഗിച്ചുള്ള ഒരുതരം സംരക്ഷണമാർഗ്ഗം അവലംബിക്കുന്നുണ്ട്. മൾട്ടാണി മിട്ടി എന്ന പ്രത്യേക തരം മണ്ണ് ഉപയോഗിച്ചാണ് ഈ നവീകരണം നടത്തുന്നത്. 1994, 2001, 2008 വർഷങ്ങളിൽ ഇത് ചെയ്തിരുന്നു.

താജ് മഹൽ വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഇതിൽ 200,000 ലധികം വിദേശികളാണ്. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് തണുപ്പുകാ‍ലമായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങൾക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദർശകർ നടന്നു എത്തുകയോ, സൈക്കിൾ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണത്തിന് കാരണമല്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചോ എത്തണം.

താജ് മഹലിന് തെക്ക് ഭാഗത്തുള്ള ചെറിയ പട്ടണം താജ് ഗഞ്ച് എന്നറിയപ്പെടുന്നു. മുംതാസ്ബാദ് എന്നും ഇതിനെ പറയാറുണ്ട്. മുഗൾ കാലഘട്ടത്തിൽ ഒരു ചന്തയായി പണി തീർത്ത ഇവിടം ഇന്നും അങ്ങനെ തന്നെ സ്ഥിതി ചെയ്യുന്നു. ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുടെ പട്ടികയിൽ താജ് മഹൽ സ്ഥാനം നേടിയിട്ടുണ്ട്. ഈയിടെ പ്രഖ്യാപിച്ച പുതിയ ഏഴ് മഹാത്ഭുതങ്ങളിലും താജ് മഹൽ സ്ഥാ‍നം നേടിയിട്ടുണ്ട്.

 

ഇവിടുത്തെ സന്ദർശന സമയം രാവിലെ 6 മണി മുതൽ വൈകുന്നേരം 7മണി വരെയാണ്. വെള്ളിയാഴ്ചകളിൽ മുസ്ലിം പ്രാർത്ഥന സമയത്ത് അടച്ചിടാറുണ്ട്. പൗർണ്ണമി നാളുകളിലും അതിനും മുൻപും പിൻപുമായി രണ്ടു ദിവസങ്ങൾ ചേർത്ത് മൊത്തം മാസത്തിൽ അഞ്ച് ദിവസങ്ങൾ രാത്രി താജ് മഹൽ തുറക്കാറുണ്ട്. വെള്ളിയാഴ്ചകൾ അവധിയായിരിക്കും. റംസാൻ മാസങ്ങളിൽ രാത്രി സന്ദർശനം ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളാൽ താജ് മഹലിനകത്തേക്ക് വെള്ളം, ചെറിയ ക്യാമറകൾ, മൊബൈൽ ഫോണുകൾ, ചെറിയ പഴ്സുകൾ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ. താജ്മഹലിനെ കുറിച്ച് നമ്മൾ അറിഞ്ഞതെല്ലാം വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ്. അറിയാക്കഥകളിലൂടെ നമുക്ക് ഇനിയും താജ്മഹലിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ തുടർഭാഗങ്ങളിലൂടെ അറിയാം.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *