ജനുവരിയില്‍ രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കേരളത്തില്‍. 6.76 ശതമാനമാണ് ജനുവരിയിലെ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക്. ദേശീയ ശരാശരി അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.31 ശതമാനം രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ വര്‍ധന. കേരളത്തില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് തുടരുകയാണ്. കേരളത്തിന് തൊട്ടുപിന്നില്‍ ഒഡിഷ ആണ്. 6.05 ശതമാനമാണ് ഒഡിഷയിലെ പണപ്പെരുപ്പനിരക്ക്. ഛത്തീസ്ഗഡ് ആണ് മൂന്നാം സ്ഥാനത്ത്. 5.85 ശതമാനം. എണ്ണയുടെ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് കേരളത്തില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. 7.31 ശതമാനമാണ് കേരളത്തിലെ ഗ്രാമീണ പണപ്പെരുപ്പ നിരക്ക്. നഗര പണപ്പെരുപ്പ നിരക്ക് ആയ 5.81 ശതമാനം മറികടന്നാണ് ഗ്രാമീണ മേഖലയിലെ കുതിപ്പ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളത്തിലെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ ആറുശതമാനത്തിന് മുകളിലാണ്. പണപ്പെരുപ്പ നിരക്ക് ആറുശതമാനത്തില്‍ കൂടാതെ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.