അലസമായ ജീവിതശൈലി മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഇന്ന് വ്യാപകമാണ്. അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ ഘടകങ്ങള്‍ ഹൃദ്രോഗം വഷളാക്കുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് രക്തത്തിലെ കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ ഉയര്‍ന്ന തോതാണ്. സാധാരണ കൊളസ്ട്രോള്‍ പരിശോധനയില്‍ ട്രൈഗ്ലിസറൈഡ് തോത് അറിയാന്‍ കഴിയില്ല. വിശദമായ ലിപിഡ് പ്രൊഫൈല്‍ വഴി മാത്രമേ ട്രൈഗ്ലിസറൈഡ് തോത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു ഡെസീലീറ്ററില്‍ 150 മില്ലിഗ്രാമിന് താഴെയാണ് ട്രൈഗ്ലിസറൈഡിന്റെ സാധാരണ തോത്. 150 മുതല്‍ 199 ബോഡര്‍ലൈന്‍ തോതായും 200 മുതല്‍ 499 വരെ ഉയര്‍ന്ന തോതായും 500 ന് മുകളില്‍ വളരെ ഉയര്‍ന്ന തോതായും പരിഗണിക്കുന്നു. അമിതമായ തോതില്‍ മധുരമോ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണമോ കഴിക്കുമ്പോഴാണ് ട്രൈഗ്ലിസറൈഡ് കൊഴുപ്പ് രക്തത്തില്‍ അടിഞ്ഞു കൂടുന്നത്. ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താനും ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിച്ച് നിര്‍ത്താനും ഭക്ഷണത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്താം. മധുരപലഹാരങ്ങള്‍, ഡിസേര്‍ട്ടുകള്‍, അമിതമായ തോതിലുള്ള ചോക്ലേറ്റ് എന്നിവയെല്ലാം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ വേണം. ബാര്‍ലി, ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ പോലെ ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക. മിതമായ തോതില്‍ പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മീനെണ്ണ അടങ്ങിയ ഗുളിക രണ്ട് നേരം കഴിക്കുന്നത് ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കും. നിത്യവുമുള്ള വ്യായാമം ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാന്‍ സഹായകമാണ്. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ സംരക്ഷിക്കാന്‍ യോഗര്‍ട്ട്, തൈര് പോലുള്ള പ്രോബയോടിക് ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്.