ഉറക്കം എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ്. ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ മാത്രമല്ല മാനസികമായും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉറക്കമില്ലായ്മ ഉണ്ടാക്കുന്നുണ്ട്. അതേസമയം എത്ര ഉറങ്ങിയാലും രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ടയടഞ്ഞ് ശബ്ദം ഇടറിയ പരുവത്തിലാകുന്നത് ചിലരെ നിരന്തരം അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഇവയെ ‘ഉറക്കച്ചടവ്’ എന്ന രീതിയിലാണ് മിക്കവരും എടുക്കാറ്. ഈ അവസ്ഥയ്ക്ക് പിന്നില്‍ ചില ആരോഗ്യപ്രശ്നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഏതെങ്കിലും വിധത്തിലുള്ള വൈറല്‍ അണുബാധകള്‍ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മല്‍, ഛര്‍ദ്ദി, രാത്രി വിയര്‍ക്കല്‍, വിശപ്പില്ലായ്മ എന്നിവയെല്ലാം വൈറല്‍ അണുബാധകളുടെ ലക്ഷണമാണ്. വായു മലിനീകരണമാണ് ഇതില്‍ രണ്ടാമതൊരു കാരണമായി വരുന്നത്. വായു മലിനീകരണം തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയില്‍ അടപ്പ് വരാന്‍ കാരണമാവുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് അന്തരീക്ഷം അസാധാരണമായ രീതിയില്‍ വരണ്ടുപോകാറുണ്ട്. ഈ അന്തരീക്ഷവും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കാം. അലര്‍ജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കിലും രാവിലെ ഉറക്കമുണരുമ്പോള്‍ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യാം. ചിലര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇത് അധികവും സ്ലീപ് അപ്നിയ എന്ന പ്രശ്നമുള്ളവരാണ് ചെയ്യുന്നത്. കാരണം ഇവര്‍ക്ക് രാത്രിയില്‍ ശ്വാസതടസമുണ്ടാകുന്നതോടെയാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് നീര് പോലെ വീക്കവും കാണാം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan