കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമികളെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്നും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്.
ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വധശ്രമ ആരോപണം. ഇതേസമയം, ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം 45 പേരെ അറസ്റ്റു ചെയ്ത എന്‍ഐഎ. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ഈ ആരോപണം. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നും എന്‍ഐഎ ആരോപിച്ചു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് അനുമതി തേടിയത്. വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയുടെ തുടര്‍ച്ചയായാണ് നടപടി. സ്വജപക്ഷപാതം നടത്തിയെന്നു ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. ഹര്‍ത്താലിനിടെ നടത്തിയ അക്രമങ്ങള്‍ക്ക് അറസ്റ്റുണ്ടാകുമെന്നു ഭയന്നാണ് ഒളിവില്‍ പോയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി, എ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് മുങ്ങിയത്. കേരള പൊലീസിനു പുറമേ, തീവ്രവാദ കേസില്‍ ദേശീയ ഏജന്‍സികളും ഇവരെ പിടികൂടാനിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശശി തരൂര്‍ എംപി നാമനിര്‍ദ്ദേശ പത്രിക വാങ്ങി. പ്രതിനിധിയെ അയച്ചാണ് ശശി തരൂര്‍ പത്രിക വാങ്ങിയത്. തിങ്കളാഴ്ചയോ അതിനുശേഷമോ പത്രിക നല്‍കും. അശോക് ഗലോട്ട് 28 നായിരിക്കും പത്രിക നല്‍കുക. ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സിപിഎം പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം. തിരുവനന്തപുരത്ത് ബിജെപി യോഗത്തില്‍ പങ്കെടുത്ത ജാവദേക്കര്‍ ആരോപിച്ചു.