ഹാര്‍ലി ഡേവിഡ്സണ്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയില്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നു. ചൈനയില്‍ ആണ് എക്‌സ്350 എന്ന് പേരിട്ടിരിക്കുന്ന 350 സിസി മോട്ടോര്‍സൈക്കിള്‍ എത്തിയിരിക്കുന്നത്. 33,000 യുവാന്‍ ആണ് ഇതിന്റെ വില. (ഏകദേശം 3.93 ലക്ഷം രൂപ). അടുത്ത കാലത്തായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ക്യൂജെ മോട്ടോറുമായി കൈകോര്‍ത്താണ് ഹാര്‍ലി എക്‌സ്350 റോഡിലിറക്കിയത്. പുതുപുത്തന്‍ ഡിസൈനാണ് ഇതിന്. ജോയ്ഫുള്‍ ഓറഞ്ച്, ഷൈനിംഗ് സില്‍വര്‍, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് എക്‌സ്350 ചൈനയില്‍ എത്തിയിരിക്കുന്നത്. 353 സിസി, പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് ഇതിന്റെ കരുത്ത്. 7,000 ആര്‍പിഎമ്മില്‍ 36 യവു പവറും 31 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സുമായാണ് എന്‍ജിന്‍ കണക്ട് ചെയ്തിരിക്കുന്നത്. ഹാര്‍ലി ഡേവിഡ്സണ്‍ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിക്കായി കുറഞ്ഞ ശേഷിയുള്ള മോട്ടോര്‍സൈക്കിള്‍ കമ്പനി വികസിപ്പിക്കുന്നുണ്ട്. അതും കുറഞ്ഞ വിലയില്‍ തന്നെ ലഭ്യമാകും.